രാഷ്‌ട്രീയം

എം.ബി.എ. ബിരുദധാരിയായ ശ്രീ.ജോസ്‌.കെ.മാണി എം.പി കേരള കോണ്‍ഗ്രസ്‌ എം പാര്‍ട്ടിയുടെ യുവജനവിഭാഗത്തില്‍ അംഗമായശേഷം യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വികസന രംഗത്ത്‌ യുവജനങ്ങള്‍ സജീവ പങ്കാളിത്തം വഹിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി ശ്രീ.ജോസ്‌.കെ മാണി കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ നടത്തിയ വികസന സന്ദേശ യാത്ര ഏറെ ജനശ്രദ്ധ നേടുകയുണ്ടായി.

പൈതൃകമായി ലഭിച്ച നേതൃപാടവവും സംഘടനാമികവും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനുളള കഴിവും വഴി ജനഹൃദയങ്ങളെ കീഴടക്കിയ ശ്രീ.ജോസ്‌.കെ.മാണി 2009-ല്‍ 71570 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോട്ടയം പാര്‍ലമെന്റ്‌ മണ്‌ഡലത്തില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടു. തുടക്കത്തില്‍ തന്നെ പാര്‍ലമെന്റ്‌ അംഗം എന്ന നിലയില്‍ മികവ്‌ തെളിയിച്ചു. കൃഷി, പൊതുജനാരോഗ്യം, വിദ്യാഭ്യാസം നഴ്‌സുമാരുടെയും വിദേശ മലയാളികളുടെയും പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ വായ്‌പ, ടൂറിസം, വികസനം തുടങ്ങി വ്യത്യസ്‌തങ്ങളായ വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച്‌ അവതരിപ്പിച്ചുകൊണ്ടാണ്‌ ശ്രീ.ജോസ്‌.കെ.മാണി ഏറെ ശ്രദ്ധേയനായത്‌. ഈ മികവും പ്രതിബദ്ധതയുമാണ്‌ ട്രാന്‍സ്‌പോര്‍ട്ട്‌, ടൂറിസം, കള്‍ച്ചര്‍, വിദേശകാര്യം എന്നീ വകുപ്പുകളുടെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റികളില്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ ഇടയാക്കിയത്‌. മാനവവിഭവശേഷി വികസനത്തിനുളള കണ്‍സല്‍ട്ടേറ്റീവ്‌ കമ്മറ്റി ഉള്‍പ്പെടെ വിവിധ പാര്‍ലമെന്റ്‌ കമ്മിറ്റികളില്‍ അംഗമായി മികവുറ്റ സേവനം കാഴ്‌ചവയ്‌ക്കുമ്പോഴും കോട്ടയം പാര്‍ലമെന്റ്‌ മണ്‌ഡലത്തിന്റെ വികസന മുന്നേറ്റത്തിനും സമഗ്ര പുരോഗതിക്കും പ്രഥമ പരിഗണന നല്‍കി പ്രവര്‍ത്തിക്കുന്നു.