എം.പി

സൗമ്യഭാവത്തോടെ കാപട്യങ്ങളില്ലാതെ കടന്നുവന്ന ജോസ്‌ കെ മാണി രാഷ്ട്രീയത്തിലെ മാന്യമുഖമാണ്‌. അകംപൊള്ളയായ വാഗ്‌ദാനങ്ങളോ വീണ്‍വാക്കുകളോ അദ്ദേഹത്തില്‍ നിന്ന്‌ ഉണ്ടായിട്ടില്ല. സാധാരണക്കാരും, ദുര്‍ബലവിഭാഗക്കാരും, കൃഷിക്കാരും,പ്രവാസികളും, പ്രഫഷണലുകളുമൊക്കെയുള്‍പ്പെടുന്ന മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി എം.പിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ജോസ്‌ കെ മാണി നിറഞ്ഞു നിന്നു.

അടിസ്ഥാന സൗകര്യവികസനത്തില്‍ കോട്ടയം കേരളത്തിനു തന്നെ മാതൃകയായി. റോഡ്‌, റെയില്‍, പാലങ്ങള്‍, ജലഗതാഗതം തുടങ്ങി സമസ്‌ത മേഖലകളിലും സുസ്ഥിര വികസനത്തില്‍ ഊന്നിക്കൊണ്ടുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കി. റോഡുകളുടെ വികസനത്തിനായുള്ള കേന്ദ്രഫണ്ടില്‍ നിന്ന്‌ കേരളത്തിന്‌ ലഭ്യമായ തുകയുടെ സിംഹഭാഗവും കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തിലേക്ക്‌ എത്തിയതിനു പിന്നില്‍ ജോസ്‌ കെ മാണി എം.പിയുടെ കഠിനശ്രമമുണ്ട്‌. കൂടാതെ കുറേക്കാലമായി റയില്‍വേ വികസനത്തില്‍ ഏറെ പിന്തള്ളപ്പെട്ടുപോയിരുന്ന കോട്ടയത്തിന്‌ ശാപമോക്ഷം ലഭിച്ചതും അദ്ദേഹത്തിന്റെ ഇടപെടല്‍മൂലമാണ്‌. 2009-14 വര്‍ഷത്തില്‍ കോട്ടയം റയില്‍വേ വികസനത്തില്‍ റെക്കോഡ്‌ നേട്ടം കൈവരിച്ചു.

വിദ്യാഭ്യാസ മേഖലയിലും ജോസ്‌ കെ മാണി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്‌. ശാസ്‌ത്ര-സാങ്കേതിക-ഗവേഷണ മേഖലയ്‌ക്ക്‌ ഊന്നല്‍ നല്‍കുന്ന നിരവധി കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോട്ടയത്ത്‌ എത്തിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മാസ്സ്‌ കമ്മ്യൂണിക്കേഷന്‍, ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സയന്‍സ്‌ സിറ്റി സെന്റര്‍, ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌, റീജിയണല്‍ വൊക്കേഷണല്‍ ട്രെയിനിംഗ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌, ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്‌. അക്ഷര നഗരിയെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബ്ബ്‌ ആക്കുന്നതിനുള്ള കര്‍മ്മ പരിപാടികളാണ്‌ അദ്ദേഹം വിഭാവനം ചെയ്‌തത്‌. കൂടാതെ ആതുര ശുശ്രൂഷ രംഗത്ത്‌ കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതിനും ജോസ്‌ കെ മാണി പ്രയത്‌നിച്ചു. നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്‍ ഫണ്ട്‌ ഉപയോഗിച്ച്‌ ആശുപത്രികളെ നവീകരിക്കുകയും,സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്‌തു.

കാര്‍ഷിക മേഖലകൂടിയായ കോട്ടയത്ത്‌ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവയ്‌ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ ജോസ്‌ കെ മാണി ജാഗരൂകനായിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിലും അദ്ദേഹം ആരേക്കാളും മുന്നിലായിരുന്നു. നാളികേരത്തിന്റെ വിലത്തകര്‍ച്ച തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം, പാമോയില്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി വെട്ടിച്ചുരുക്കണം എന്നിവയടക്കമുള്ള നിരവധി ആവശ്യങ്ങള്‍ അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിച്ചു. റബ്ബര്‍ കാപ്പി, തേയില, ഏലം,നാളികേരം എന്നീ തോട്ട വിളകളെ കാര്‍ഷിക വിളകളായി കാണാന്‍ കഴിയില്ലെന്ന കേന്ദ്ര സെന്‍സസ്‌ ബോര്‍ഡിന്റെ നിര്‍ദേശത്തെ ശക്തിയുക്തം എതിര്‍ത്തവരില്‍ ജോസ്‌ കെ മാണിയും ഉണ്ടായിരുന്നു.

ഇവയ്‌ക്കു പുറമെ ശബരിമലയുടെ വികസനപ്രവര്‍ത്തനങ്ങളിലും ജോസ്‌.കെ മാണി വലിയ ശ്രദ്ധയാണ്‌ നല്‍കിയിരുന്നത്‌. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കോട്ടയം കേന്ദ്രീകരിച്ച്‌ ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവരുന്നതിന്‌ അദ്ദേഹം ആത്മാര്‍ത്ഥമായി പരിശ്രമിച്ചു.

അത്തരത്തില്‍ മണ്ഡലത്തിന്റെ സര്‍വതോന്‍മുഖമായ വികസനം, എം.പി ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗം, ജനകീയ പ്രശ്‌നങ്ങളിലെ സജീവമായ ഇടപെടല്‍, പാര്‍ലമെന്റ്‌ നപടികളിലെ ഊര്‍ജ്ജസ്വലമായ പങ്കാളിത്തം തുടങ്ങി എല്ലാ മേഖലകളിലും വന്‍ വിജയം നേടാന്‍ കഴിഞ്ഞ യുവ എം.പിയായി ജോസ്‌ കെ മാണി മാറി.