ജോസ്‌.കെ.മാണി

2009-ലാണ്‌ കോട്ടയം ലോക്‌സഭാ മണ്‌ഡലത്തില്‍ നിന്നും ജോസ്‌ കെ മാണി ആദ്യമായി പാര്‍ലമെന്റിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. യുവലോക്‌സഭാംഗങ്ങളില്‍ കോട്ടയം ജില്ലയിലെ പാലാക്കാരനായ ഇദ്ദേഹവും ഉള്‍പ്പെടും. തന്റെ ലോക്‌സഭാ മണ്‌ഡലത്തിന്റെ പുരോഗതിയ്‌ക്കായി താഴേത്തട്ട്‌ മുതലുളള അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമങ്ങളും അനൗപചാരികത നിറഞ്ഞ ജോസ്‌ കെ മാണിയുടെ ഇടപെടലുകളും എല്ലാം തന്നെ, ആര്‍ക്കും ഏതു കാര്യത്തിനും സമീപിക്കാവുന്ന വ്യക്തിത്വമാണ്‌ അദ്ദേഹത്തിനുളളത്‌ എന്ന പ്രതിച്ഛായ സൃഷ്‌ടിച്ചിട്ടുണ്ട്‌.

തന്റെ ലോക്‌സഭാ മണ്‌ഡലത്തിന്‌ മുന്തിയ പരിഗണന നല്‍കുമ്പോഴും, കോട്ടയം ജില്ലയില്‍ നിന്നുളള പ്രതിനിധി എന്ന നിലയില്‍ തന്റെ ജില്ലയുടെ പൊതുവായ മുന്നേറ്റത്തിനും കാര്യമായ പരിഗണന നല്‍കുന്നുണ്ട്‌.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നാണ്‌ കേരള യുവതയുടെ ശാക്തീകരണം. ഗ്രാമീണ യുവജനങ്ങളില്‍ ഒരു സാമൂഹ്യ രാഷ്‌ട്രീയ ഉത്തരവാദിത്ത ബോധം ഉണ്ടാക്കിയെടുക്കുക എന്നതിന്‌ അദ്ദേഹം സര്‍വ്വഥാ പ്രതിജ്ഞാബദ്ധനാണ്‌.

ഗതാഗത-വിനോദസഞ്ചാര- സാംസ്‌കാരിക വകുപ്പുകളുമായി ബന്ധപ്പെട്ട ലോക്‌സഭാ കമ്മറ്റിയില്‍ ജോസും ഒരംഗമാണ്‌.

യുവജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ റിഫോം ആന്റ്‌ റിസര്‍ച്ച്‌ എന്ന സംഘടനയുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നത്‌ ജോസ്‌.കെ.മാണിയാണ്‌.
ബുദ്ധിമാന്ദ്യം ഉളള കുട്ടികളുടെ ഉന്നമനത്തിനായി യത്‌നിക്കുന്ന പ്രതീക്ഷാ റോട്ടറി സെന്റര്‍ ഫൊര്‍ മെന്റലി ചലഞ്ച്‌ഡ്‌ ചില്‍ഡ്രന്‍ എന്ന സംഘടനയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന യുവജനസംഘടനയായ ‘വികസനസേന’ യുടെ പ്രസിഡന്റിന്റെ ചുമതലയും ഇദ്ദേഹത്തിനു തന്നെയാണ്‌.

1965-ല്‍ പാലായില്‍ ജനിച്ച അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം ചെയ്‌തത്‌ ഏര്‍ക്കാട്‌ മോണ്ട്‌ഫോര്‍ട്ട്‌ സ്‌കൂളിലാണ്‌. ചെന്നൈ ലയോളാ കോളെജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം കോയമ്പത്തൂരിലെ പി.എസ്‌.ജി. കോളെജ്‌ ഓഫ്‌ ടെക്‌നോളജിയില്‍ നിന്നും എം.ബി.എ. കരസ്ഥമാക്കി.

പൊതു പ്രവര്‍ത്തനത്തിലേക്കിറങ്ങുന്നതിനു മുന്‍പ്‌ കേരളത്തിനകത്തും പുറത്തുമുളള സ്വകാര്യ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലിനോക്കിയിട്ടുണ്ട്‌. കേരള രാഷ്‌ട്രീയത്തിലെ പ്രഗല്‍ഭന്‍മാരിലൊരാളായ തന്റെ പിതാവ്‌ കെ.എം. മാണിയുടെ പാത പിന്തുടര്‍ന്ന്‌ 2001-ലാണ്‌ ജോസ്‌.കെ.മാണി പൊതു ജീവിതം ആരംഭിച്ചത്‌.

ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ്‌ അനേക വര്‍ഷങ്ങള്‍ അദ്ദേഹം കേരളാ യൂത്ത്‌ ഫ്രണ്ടിന്റെ പ്രസിഡന്റായിരുന്നു. മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റായി സ്വയം തൊഴില്‍ സംരംഭത്തിലേര്‍പ്പെട്ടിരിക്കുന്ന നിഷ ജോസാണ്‌ പത്‌നി. രണ്ടു പുത്രിമാരും ഒരു പുത്രനുമാണ്‌ ഈ ദമ്പതികള്‍ക്കുളളത്‌.

എല്ലാ യുറോപ്യന്‍ രാജ്യങ്ങളും, അമേരിക്കയും, മധ്യപൂര്‍വ്വ രാജ്യങ്ങളും ഏറെക്കുറെ എല്ലാ ഏഷ്യന്‍ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്‌. ലിവിംഗ്‌ യുവര്‍ ഡ്രീം, റ്റുഗെതര്‍ ഈച്ച്‌ അച്ചീവ്‌സ്‌ മോര്‍ എന്നിങ്ങനെ രണ്ടു ഡോക്യൂമെന്ററികളും ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്‌.