കോട്ടയം റെയില്‍വെ സ്റ്റേഷനില്‍
രണ്ടാം കവാടം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം
മധ്യതിരുവിതാംകൂറിലെ പ്രധാന റെയില്‍വെ സ്റ്റേഷനായ കോട്ടയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും ഗുഡ്ഷെഡ് റോഡില്‍ നിന്നും രണ്ടാമതൊരു പ്രവേശനകവാടം എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്നും റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ദക്ഷിണറെയില്‍വെ ജനറല്‍ മാനേജര്‍ ആര്.കെ കുല്ശ്രേഷഠ വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ ആവശ്യപ്പെടുകയുണ്ടായി. ഇരട്ടപ്പാത നിര്‍മ്മാണത്തോടൊപ്പം നിലവിലെ ഗുഡ്ഷെഡ് ഇവിടെ നിന്നും മാറ്റി സ്ഥാപിക്കണം. സംസ്ഥാനത്തെ എ ക്യാറ്റഗറിയിലുള്ള സ്റ്റേഷനാണ് കോട്ടയത്തേത്. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയുടെ പ്രാധാന്യം പരിഗണിച്ചുകൊണ്ട് ദേശീയ നിലവാരമുള്ള സൗകര്യങ്ങള്‍ കോട്ടയത്ത് നടപ്പാക്കണം. ഭാവിയിലെ തിരക്ക് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കോട്ടയത്ത് നടത്തേണ്ടത്. പ്രതിദിനം ഏകദേശം 12984 ത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്ന കോട്ടയം റെയില്‍വെ സ്റ്റേഷന് പ്രതിവര്‍ഷം 58 കോടി രൂപയോളം വരുമാനമുണ്ട്. യാത്രക്കാരില്‍ ഭൂരിഭാഗവും നാഗമ്പടം ഭാഗത്ത് നിന്നാണ് നിലവില്‍ സ്റ്റേഷനില്‍ എത്തുന്നത്. ഗുഡ്ഷെഡ് മാറ്റി സ്ഥാപിച്ച് ഇവിടെ നിന്നും രണ്ടാമതൊരു കവാടം നിര്‍മ്മിച്ചാല്‍ യാത്രക്കാര്‍ക്ക് വളരെ ഉപകാരപ്രദമാകും.
ദ്രുതഗതിയില്‍ നിര്‍മ്മാണം നടക്കുന്ന നാഗമ്പടം റെയില്‍വെ മേല്‍പ്പാലം എത്രയും വേഗം പൂര്‍ത്തിയാക്കണം. കുറുപ്പന്തുറ മുതല്‍ ചിങ്ങവനം വരെയുള്ള ഭാഗത്തെ പാത ഇരട്ടിപ്പിക്കല്‍ ജോലികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഈ മേഖലയിലാണ് ജനസാന്ദ്രത ഏറ്റവും അധികമുള്ളത്. ഈ മേഖലയില്‍ 16 ഹെക്ടറോളം ഭൂമിയാണ് ആവശ്യമുള്ളത്. ഇതുവരെ 9 ഹെക്ടര്‍ ഭൂമിമാത്രമാണ് ലഭ്യമായിട്ടുള്ളത്. ഏപ്രില്‍ മാസത്തോടെ കുറുപ്പന്തറ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്ത ഇരട്ടപ്പാത കമ്മീഷന് ചെയ്യുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഭാഗത്തെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവും തുരംഗങ്ങളുടെ നിര്‍മ്മാണവും മറ്റും സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ വേണ്ട അടിയന്തിര നടപടി സ്വീകരിക്കണം.
അങ്കമായി – പിറവം ഡെമു സര്‍വ്വീസ് പുനരാംരംഭിച്ച് കുറുപ്പന്തറ വരെ സര്‍വ്വീസ് നീട്ടണമെന്നും രാവിലെ കൊല്ലത്തുനിന്നും കോട്ടയത്തേക്ക് വരുന്ന പാസഞ്ചര്‍ എറണാകുളം വരെ നീട്ടണം. എറണാകുളം വരെ സര്‍വ്വീസ് നീട്ടിയാല്‍ വൈകുന്നേരങ്ങളില്‍ എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് വരുന്ന സ്ഥിരം യാത്രക്കാര്‍ക്ക് പ്രയോജനകരമാകും. ഇതൊടൊപ്പം വൈകുന്നേരം എറണാകുളത്ത് നിന്നും കോട്ടയത്തേക്കുള്ള പാസഞ്ചര്‍ കായംകുളം വരെ സര്‍വ്വീസ് നീട്ടണം. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സ്ഥിരം യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വേണാട് ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ സമയനിഷ്ഠ പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പാതകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് മൂലം വേഗനിയന്ത്രണം നടത്തുന്നത് മൂലമാണ് ട്രെയിനുകള്‍ വൈകുവാന്‍ കാരണം എന്നാണ് റെയില്‍വെ പറയുന്നത്. ഇക്കാര്യങ്ങളില്‍ അടിയന്തിര നടപടി കൈക്കൊള്ളുമെന്ന് ജനറല്‍ മാനേജര്‍ അറിയിക്കുകയും ചെയ്തു.